Kerala
തൃശൂർ: ചാലക്കുടി നിയമസഭ മണ്ഡലം തിരിച്ചുപിടിക്കാൻ എൽഡിഎഫിന്റെ അപ്രതീക്ഷിത നീക്കം. കോൺഗ്രസ് കൗൺസിലറായ ബിജു ചിറയത്ത് ചാലക്കുടിയിൽ ഇടത് സ്ഥാനാർഥിയാകും. കേരള കോൺഗ്രസ് എമ്മിന് അനുവദിച്ച സീറ്റിലാണ് ബിജു ചിറയത്ത് സ്ഥാനാർഥിയാകുക.
കഴിഞ്ഞ 25 വർഷമായി ചാലക്കുടിയിൽ കോൺഗ്രസ് കൗൺസിലറാണ് ബിജു ചിറയത്ത്. ബിജു ഉടൻ നഗരസഭ കൗൺസിലർ സ്ഥാനവും പാർട്ടി അംഗത്വം രാജിവയ്ക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ബിജു ഇടത് സ്ഥാനാർഥിയാകുന്നത് കോൺഗ്രസിന് കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ.
അതേസമയം കേരള കോൺഗ്രസ് എം തൃശൂർ ജില്ലാ നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ചാണ് ബിജു ചിറയത്തിനെ ചാലക്കുടിയിൽ സ്ഥാനാർഥിയാക്കുന്നത്. ചാലക്കുടി നഗരസഭയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ച കൗൺസിലറാണ് ബിജു.
സിപിഎം നേരിട്ട് മത്സരിച്ചിരുന്ന മണ്ഡലം മുന്നണി ധാരണ അനുസരിച്ചാണ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിയത്. ഈ സീറ്റ് ബിജുവിലൂടെ തിരിച്ചുപിടിക്കാമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ.
Kerala
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പിന്നാലെ തൃശൂരിലെ ഇടതുമുന്നണി സ്ഥാനാർഥികൾ കളത്തിൽ. മണലൂർ, തൃശൂർ, കയ്പമംഗലം, നാട്ടിക എന്നിവിടങ്ങളിൽ ഒഴികെ സിറ്റിംഗ് എംഎൽഎമാർ മത്സരിക്കും.
മണലൂരിൽ സിപിഎമ്മിലെ മുരളി പെരുനെല്ലിക്കു പകരം 2011ൽ പുതുക്കാടുനിന്ന് മത്സരിച്ചു മന്ത്രിയായ പ്രഫ. സി. രവീന്ദ്രനാഥ് എത്തും. തൃശൂരിൽ സിപിഐ സ്ഥാനാർഥിയായി കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായി ആലങ്കോട് ലീലാകൃഷ്ണൻ, കയ്പമംഗലത്ത് മുൻ സിപിഐ സംസ്ഥാന സെക്രട്ടറി കെ.കെ. വത്സരാജ്, നാട്ടികയിൽ സി.സി. മുകുന്ദനു പകരം ഗീതാ ഗോപി എന്നിവരെയും പ്രഖ്യാപിച്ചു.
മറ്റു സീറ്റുകളിൽ സിറ്റിംഗ് എംഎൽഎമാർതന്നെ മത്സരിക്കും. ചേലക്കര- യു.ആർ. പ്രദീപ്, ഗുരുവായൂർ- എൻ.കെ. അക്ബർ, കുന്നംകുളം- എ.സി. മൊയ്തീൻ, വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പിള്ളി, ഒല്ലൂർ- അഡ്വ. കെ. രാജൻ, പുതുക്കാട്- കെ.കെ. രാമചന്ദ്രൻ, ഇരിങ്ങാലക്കുട- ആർ. ബിന്ദു, കൊടുങ്ങല്ലൂർ- വി.ആർ. സുനിൽ കുമാർ എന്നിവരാകും സ്ഥാനാർഥികൾ.
ഇടതുമുന്നിയിലെ ഘടകകക്ഷിയായ കേരള കോണ്ഗ്രസ്-മാണി വിഭാഗം മത്സരിക്കുന്ന ചാലക്കുടിയിലാണ് സ്ഥാനാർഥിയാരെന്ന് അറിയേണ്ടത്.
സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ സിപിഐ സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണൻ തൃശൂർ നഗരത്തിൽ റോഡ് ഷോ നടത്തി. കവിയെന്നതിനുപരി എല്ലാക്കാലത്തും ഇടതു സഹയാത്രികനായിരുന്നു താനെന്നും തെരഞ്ഞെടുപ്പു ഫലമെത്തുന്നതോടെ ആവേശം ഇരട്ടിയാകുമെന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.
Kerala
ചാലക്കുടി: അഞ്ചുദിവസം നീളുന്ന 37-ാമത് പോട്ട ദേശീയ ബൈബിൾ കൺവൻഷൻ നാളെ ആരംഭിക്കും. നാളെ രാവിലെ ഒന്പതിന് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. ദിവസേന രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ചുവരെയാണു കൺവൻഷൻ.
വ്യാഴാഴ്ച ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ അനുഗ്രഹപ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളിൽ ഫാ. സേവ്യർ ഖാൻ വട്ടായിൽ, ബ്രദർ സന്തോഷ് കരുമത്ര, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. ജോർജ് പനയ്ക്കൽ തുടങ്ങിയവർ വചനശുശ്രൂഷ നയിക്കും. 22ന് കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ സമാപനസന്ദേശം നൽകും.
കൺവെൻഷന് എത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി പോട്ട ആശ്രമം സുപ്പീരിയർ ഫാ. ജോസഫ് എറമ്പിൽ, ഡയറക്ടർമാരായ ഫാ. ബിനോയ് ചക്കാനിക്കുന്നേൽ, ഫാ. ഫ്രാൻസിസ് കർത്താനം, ബ്രദർ പോൾ അക്കര എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
വിശാലമായ പന്തൽ, ഉച്ചയ്ക്കു ലഘുഭക്ഷണം, മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കു താമസസൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. കിടപ്പുരോഗികൾക്കു ധ്യാനത്തിൽ പങ്കെടുക്കാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൺവൻഷൻ ദിവസങ്ങളിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുകൾക്കു ആശ്രമം ജംഗ്ഷനിൽ സ്റ്റോപ്പ് അനുവദിച്ചു.
Kerala
തൃശൂർ: ജനവാസ കേന്ദ്രത്തിലിറങ്ങിയ കുരങ്ങിന്റെ ആക്രമണത്തില് രണ്ടു പേർക്ക് പരിക്ക്. ചാലക്കുടി വെട്ടുകടവ് പാലത്തിനു സമീപത്തുണ്ടായ സംഭവത്തിൽ ചിറയത്ത് മുണ്ടന്മാണി ആഗസ്തിയുടെ ഭാര്യ മോളി (75), പരിയാരം കുറ്റിക്കാട് മണിയാടന് വീട്ടില് കുട്ടപ്പന്റെ ഭാര്യ ഗിരിജ (59) എന്നിവര്ക്കാണ് പരിക്കേറ്റത്.
ഇരുവരും ആശുപത്രിയിൽ ചികിത്സതേടി. വിവരമറിഞ്ഞ് വനംവകുപ്പിന്റെ ചാലക്കുടി മൊബൈല് സ്ക്വാഡിൽ നിന്നും ഉദ്യോഗസ്ഥരെത്തി പരിസരത്ത് പരിശോധന നടത്തി. വന്യജീവി ആക്രമണത്തില് പരിക്കേല്ക്കുന്നവര്ക്കുള്ള നഷ്ടപരിഹാരം ഇരുവര്ക്കും നല്കുമെന്ന് ഉദ്യോഗസ്ഥര് പറഞ്ഞു.
ചാലക്കുടി പുഴയോരം കേന്ദ്രീകരിച്ച് കുരങ്ങുകള് തമ്പടിക്കുന്നത് നാട്ടുകാര്ക്ക് ഭീഷണിയാവുകയാണ്. അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
District News
ചാലക്കുടി: സെന്റ് മേരിസ് ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് വൻ ഭക്തജനപ്രവാഹം. ദീപാലംകൃതമായ നഗരവീഥികളിൽ നിരവധി കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്.
ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ പന്തലുകളും എക്സിബിഷനുകളും കാണാൻ വൻതിരക്കാണ്. ഇന്നലെ രാവിലെ മുതൽ വിവിധ സംഘടനകളുടെ പന്തലുകളിലേക്ക് അമ്പെഴുന്നെള്ളിപ്പ് നടത്തി. വൈകിട്ട് അമ്പ് എഴുന്നെള്ളിപ്പുകൾ ദേവാലയത്തിൽ സമാപിച്ചു. സൗത്ത് അമ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അമ്പെഴുന്നെള്ളിപ്പ് രാത്രി പള്ളിയിൽ സമാപിച്ചു. ദേവാലയത്തിൽ വൈകിട്ട് നടന്ന ദിവ്യബലിക്കു ഫാ. മെൽവിൻ ചൊവ്വൂർ കാർമികത്വം വഹിച്ചു. വിശുദ്ധന്റെ തിരുസ്വരൂപം വണങ്ങുന്നതിനും അമ്പ് എടുത്തുവയ്ക്കുന്നതിനും ജാതി മത ഭേദമന്യേ ഭക്തജനങ്ങളുടെ നീണ്ട നിരയാണ്.
ഇന്നു രാവിലെ 9.30ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് നവ വൈദികർ കാർമികത്വം വഹിക്കും. മൂന്നിന് വിശുദ്ധ കുർബാന, തുടർന്ന് തിരുനാൾ പ്രദക്ഷിണം ഏഴിന് പ്രദക്ഷിണം സമാപിക്കും. എട്ടിനു വിശുദ്ധ കുർബാനയ്ക്ക് ഇടവക വൈദികർ കാർമികത്വം വഹിക്കും. തുടർന്ന് വർണമഴ. നാളെയാണ് ടൗൺ അമ്പ്.